രാഹുൽ ചരിത്ര വിജയത്തിലേക്ക്; റായ്ബറേലിയിൽ സോണിയയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നു

മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് കുതിക്കുന്ന രാഹുൽ ഗാന്ധി റായ് ബറേലിയിൽ ഒരു പുതു ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. മണ്ഡലത്തില്‍ അമ്മ സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. 2,62,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.

2004 മുതൽ റായ്ബറേലിയിൽ നിന്ന് തുടർച്ചയായി ലോക്‌സഭയിലെത്തിയ സോണിയാ ഗാന്ധി 2019 ൽ നേടിയ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 1,67,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയ അന്ന് വെന്നിക്കൊടി പാറിച്ചത്. അതാണിപ്പോൾ രണ്ട് ലക്ഷം എന്ന മാന്ത്രിക സംഖ്യയിൽ തൊട്ട് രാഹുൽ മറികടന്നത്. രാഹുലിന്റെ എതിരാളിയായ ബി.ജെ.പിയുടെ ദിനേശ് പ്രതാഭ് സിങ് ബഹുദൂരം പിന്നിലാണ്. അതേ സമയം വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു.

400 സീറ്റ് അവകാശവാദവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങിയ ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ഉത്തർപ്രദേശ്. ആകെയുള്ള 80 സീറ്റിൽ കഴിഞ്ഞ തവണ 62 സീറ്റിലും വിജയിച്ച എൻ.ഡി.എ ഇത്തവണ 33 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 42 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും വാരാണസിയിൽ ഒരുഘട്ടത്തിൽ 6000ൽ അധികം വോട്ടുകൾക്ക് പിന്നിൽപോയത് ബി.ജെ.പിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ തവണ അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച സ്മൃതി ഇറാനി ഇത്തവണ 15,000ൽ അധികം വോട്ടുകൾക്ക് പിന്നിലാണ്.

ദേശീയതലത്തിൽ 298 സീറ്റുകളിലാണ് എൻ.ഡി.എ ലീഡ് ചെയ്യുന്നത്. ഇൻഡ്യാ സഖ്യം 227 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ഉത്തർപ്രദേശിന് പുറമെ മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 27 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിൽ 10 സീറ്റിലും ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. എൻ.ഡി.എക്ക് ഒരു സീറ്റിൽപോലും ലീഡ് ചെയ്യാൻ കഴിയുന്നില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp