‘രോഗം ബാധിച്ചിട്ട് 11 ദിവസം’ ഡെങ്കി വില്ലനാണ്, എല്ലാ ഊർജവും ഊറ്റിയെടുക്കും: രചന നാരായണൻകുട്ടി

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി നടി രചനാ നാരായണന്‍കുട്ടി.ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം രോഗവിവരം പറഞ്ഞത്. രോ​ഗം ബാധിച്ചിട്ട് 11-ാം ദിവസമായെന്നും 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും പൂർണ്ണമായും ഭേദമായിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രചന അറിയിച്ചു. എല്ലാവരും രോ​ഗത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യമായിരിക്കാൻ ധാരാളം വെള്ളം കുടിക്കാനും, നല്ല ഭക്ഷണം കഴിക്കാനും നടി പറഞ്ഞു. 

നമ്മുടെ എല്ലാ ഊര്‍ജവും ചോര്‍ത്തിയെടുക്കുന്ന വില്ലനാണ് ഡെങ്കിപ്പനിയെന്ന് രചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതുകൊണ്ടുതന്നെ എല്ലാവരും സ്വയം ശ്രദ്ധിക്കണം. രക്തത്തിന്റെ കൗണ്ട് കുറയാന്‍ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കണം. നല്ല ഭക്ഷണം കഴിക്കണം. അങ്ങനെ രക്തത്തിന്റെ അളവ് ഉയര്‍ത്താം. തന്റെ കഥ വളരെ ദീര്‍ഘമേറിയതാണ്, അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കണം.

ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവര്‍ക്ക് നന്ദി. തന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും കടപ്പെട്ടിരിക്കുന്നുവെന്നും രചന പറഞ്ഞു.പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ ഈ മാസം ഒന്‍പതിന് എടുത്തതാണെന്നും അപ്പോഴത്തെ ഒരു കൗതുകത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണിതെന്നും രചന പറഞ്ഞു. ഈ ചിത്രങ്ങളില്‍ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ലെന്നും രചന കുറിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp