പ്രതിമാസ ശമ്പളം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ മിക്കവർക്കും ധാരണയുണ്ട്. 504010 റൂൾ ( 50 ശതമാനം ജീവിതച്ചെലവുകൾക്കായി, 10 ശതമാനം സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി, 40 ശതമാനം നിക്ഷേപത്തിന്) ആണ് എല്ലാവരും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതും. എന്നാൽ എവിടെ നിക്ഷേപിക്കണമെന്നാണ് ചോദ്യം.
റിസ്‌ക് എടുക്കാൻ താത്പര്യമില്ലാത്തവർക്കായി നിരവധി സർക്കാർ പദ്ധതികളുണ്ട്. അതിൽ ഒരു പദ്ധതിയാണ് കിസാൻ വികാസ് പത്രിക. പോസ്റ്റ് ഓഫിസ് പദ്ധതികളിൽ നിക്ഷേപിക്കുന്നവരുടെ നിക്ഷേപം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ളൊരു പദ്ധതിയാണ് ഇത്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫിസ് വഴിയും കിസാൻ വികാസ് പത്രയിൽ അക്കൗണ്ടെടുക്കാം. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ മാസ തവണ. 7 ശതമാനം പലിശ നൽകുന്ന ഈ പദ്ധതിയിൽ 100 രൂപയുടെ ഗുണിതങ്ങളായി പരിധിയില്ലാതെ നിക്ഷേപിക്കാം.
പലിശ നിരക്കിന് അനുസരിച്ച് നിക്ഷേപം ഇരട്ടിയാകാൻ എത്ര കാലം ആവശ്യമുണ്ടോ അത്രയും വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഉദാഹരണത്തിന് അഞ്ച് ലക്ഷം രൂപ കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് ഈ നിക്ഷേപം ഇരട്ടിയാകണമെങ്കിൽ 10 വർഷവും മൂന്ന് മാസവും നിക്ഷേപിക്കണം.