റേഷൻ മേഖലയോടുള്ള അവഗണനക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ അടച്ചിട്ടാണ് സമരം. ഇന്നലെ രാവിലെ എട്ടുമണിക്ക് തുടങ്ങിയ സമരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും.തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ രാപകൽ സമരമാണ് നടത്തുന്നത്. മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് വിതരണം ചെയ്തിലെ കമ്മിഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെടിപിഡിഎസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
റേഷൻ കടകൾ പൂർണമായി അടച്ചിട്ടാണ് സമരം തുടരുന്നത്. തുടർച്ചയായി നാല് ദിവസമണ് റേഷൻ കടകകൾ അടഞ്ഞു കിടക്കുന്നത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ റേഷൻ കടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരത്തിലേക്ക് പോവുകയെന്നതാണ് റേഷൻ വ്യാപാരികളുടെ തീരുമാനം. ജൂലൈയിലെ റേഷൻ വിതരണം ഇതുവരേയും ആരംഭിച്ചിട്ടില്ല. നാളെ മുതലേ ഈ മാസത്തെ റേഷൻ വാങ്ങാൻ ഉപഭോക്താക്കൾക്ക് കഴിയൂ.