പാലക്കാട്: കാറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ വ്ലോഗറും സുഹൃത്തും പിടിയിൽ. ‘വിക്കി തഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു, കായം കുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ് വിനീത് (28) എന്നിവരെയാണ് എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും 40 ഗ്രാം മെത്താം ഫെറ്റിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ എക്സൈസ് കണ്ടെത്തി. തോക്കിന് ലൈസൻ ഇല്ലെന്നാണ് റിപ്പോർട്ട്. അറസ്റ്റിലാകുമ്പോൾ വിഘ്നേഷും വിനീതും ഉയർന്ന തോതിൽ ലഹരി ഉപയോഗിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. കാറിൽ നിന്നും ഇറങ്ങിയോടിയ യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പാലക്കാട് ചന്ദ്രനഗറിൽ നിന്നാണ് എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടിയത്. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡറിൽ ഇടിച്ച കാർ അതിവേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു. സംശയം തോന്നിയ എകൈസ് സംഘം പിന്തുടർന്ന് എത്തി യുവാക്കളെ പിടികൂടുകയായിരുന്നു.
ഉയർന്ന തോതിൽ ലഹരി ഉപയോഗിച്ചിരുന്നതിനാൽ പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഘ്നേഷ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം ശക്തമായതിനാൽ ഇക്കാര്യവും എക്സൈസ് സംഘം പരിശോധിക്കുന്നുണ്ട്.