ലാവ്‍ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ; ഇതുവരെ മാറ്റിവെച്ചത് 34 തവണ.

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹരജിയാണ് സുപ്രിംകോടതിയുടെ പരിഗണയിലുള്ളത്.

ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐയാണ് കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായ ഹരീഷ് സാല്‍വേയാണ് കോടതിയില്‍ ഹാജരായത്. ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ പരിധിയിൽ വരുന്ന വൈദ്യുതി ബോർഡിന്‍റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ , ബോർഡിന്‍റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട് .

2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp