ലൈംഗികാതിക്രമമെന്ന് യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് തനിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.ഐപിസി 377 ആണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്‍കിയത്. ബംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ ഉപദ്രവിച്ചെന്നാണ് യുവാവിന്റെ പരാതി. 2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് പരാതിക്കാരന്‍. മുന്‍പ് അദ്ദേഹം മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. രഞ്ജിത്തിനെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.മുന്‍പ് ഒരു ബംഗാളി നടിയും രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ വിവിധ മേഖലയില്‍ നിന്ന് പ്രതിഷേധം ശക്തമായതോടെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തന്റെ ദേഹത്ത് രഞ്ജിത്ത് മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്നായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp