ലൈം​ഗിക താത്പര്യത്തോടെ സമീപിച്ചവരിൽ മുകേഷും ജയസൂര്യയും ഇടവേള ബാബുവും മണിയൻപിള്ള രാജുവും വരെ;മലയാള സിനിമയെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുമായി യുവതി രം​ഗത്ത്

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ ലൈം​ഗിക ചൂഷണങ്ങളുടെ കഥകൾ പുറത്തുവരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി. നടന്മാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരുടെ പേരുകൾ സഹിതം വെളിപ്പെടുത്തിയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ് ബുക്ക് പേജിലൂടെയാണ് യുവതി ആരോപണമുന്നയിച്ചിരിക്കുന്നത്.

2013ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്. 2008ൽ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്ന തനിക്ക് ജയസൂര്യയിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കി. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിപ്പിച്ചതിന് ശേഷമാണ് ഇടവേള ബാബു മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. മുകേഷ് സിനിമ സെറ്റിൽ വെച്ചാണ് ലൈംഗീകാവശ്യത്തിനായി സമീപിച്ചതെന്നും നടി പറഞ്ഞു.

“മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചത് വെളിപ്പെടുത്തുന്നതിനായാണ് ഈ പോസ്റ്റ്. 2013ൽ ഒരു ചിത്രത്തിൽ അഭിനയിക്കവെ ഇവർ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയിൽ പെരുമാറുകയും ചെയ്തു. ഞാൻ തുടർന്നും സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു,” നടി കുറിച്ചു.

“ഇതിന്റെ ഫലമായി മലയാളസിനിമാ മേഖലയിൽ നിന്ന് മാറിനിൽക്കേണ്ടതായി വന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. എനിക്ക് മാനസികമായും ശാരീരികവുമായി ഉണ്ടായ ആഘാതത്തിൽ നീതി തേടുകയാണ് ഞാൻ. ഹീനമായ പ്രവൃത്തികൾ ചെയ്തവർക്കെതിരെ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയാണ്,” നടി കൂട്ടിച്ചേർത്തു. തന്നെ ഉപദ്രവിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ വെളിപ്പെടുത്തൽ

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp