ലോക്ലഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; മൂന്ന് പേരുകള്‍ സജീവമാക്കി എന്‍ഡിഎ

ന്യുഡൽഹി: എൻഡിഎയുടേയും ഇന്‍ഡ്യാ സഖ്യത്തിൻ്റെയും ലോക്സഭാ സ്പീക്കർ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയില്ലെങ്കിൽ ഇന്‍ഡ്യാ സഖ്യം സ്പീക്കർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക നൽകാനുളള സമയം. ഭർതൃഹരി മഹ്താബ്, രാധാ മോഹൻ സിംഗ്, ഡി പുരന്ദേശ്വരി എന്നീ മൂന്ന് പേരുകളാണ് എൻഡിഎ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്സഭയുടെ സ്പീക്കർ ഓം ബിർളയുടെ പേരും ചർച്ചകളിൽ സജീവമാണ്. ഭരണപക്ഷത്തിന്‍റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷം നിലപാട് വ്യക്തമാക്കും.

എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കണമെന്ന ആവശ്യത്തിൽ ഇന്‍ഡ്യാ സഖ്യം ഉറച്ചുനിൽക്കുകയാണ്. അല്ലാത്ത പക്ഷം പ്രതിപക്ഷത്തിൻ്റെ സ്പീക്കർ നോമിനിയായി കൊടിക്കുന്നിൽ മത്സരിപ്പിക്കും.വോട്ടെടുപ്പ് ഒഴിവാക്കാന്‍ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും.

രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ. അക്ഷര മാല ക്രമത്തിൽ മഹാരാഷ്ട്ര മുതൽ പശ്ചിമ ബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താൻ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp