ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; സിപിഐഎം സംസ്ഥാനനേതൃയോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെപ്പറ്റി ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോൽവി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിൻെറ തീരുമാനം. തോൽവി ​ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തുടങ്ങുന്ന ദേശിയ നേതൃയോഗം കഴിഞ്ഞാൽ ജൂൺ പത്തിന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേരുന്നുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഒരടി പോലും മുന്നോട്ട് പോകാനായില്ല എന്നതാണ് ഇത്തവണത്തെ തോൽവി സിപിഐഎമ്മിന് നൽകിയിരിക്കുന്ന തിരിച്ചടി. ഒപ്പം കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതും വലിയ ആഘാതമായി. തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശങ്ങൾ ഉൾക്കൊളളുകയും തോൽവിയിലേക്ക് നയിച്ച കാരണങ്ങൾ വിലയിരുത്തുകയും ചെയ്യുക അനിവാര്യമാണ്. ഇതിന് വേണ്ടിയാണ് അഞ്ച് ദിവസം നീളുന്ന സംസ്ഥാന നേതൃ യോഗങ്ങൾ വിളിച്ചിരിക്കുന്നത്.

ഈമാസം 16നും 17നും സംസ്ഥാന സെക്രട്ടേറിയേറ്റും 18,19,20 തീയതികളിൽ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക. ജില്ലകളിൽ നിന്നുളള വോട്ട് കണക്കുകളും റിപ്പോർട്ടും വിലയിരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ് അവലോകന റിപ്പോർട്ട് തയാറാക്കും. ഇത് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് വിശദമായി ചർച്ച ചെയ്യും. സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തുമെന്നും സ്ഥാനാർത്ഥിനിർണയം പ്രചരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി സിപിഐ ദേശീയ നേതൃയോഗവും ഇന്ന് തുടങ്ങും. ഇന്ന് ദേശീയ സെക്രട്ടേറിയേറ്റും നാളെയും മറ്റന്നാളും ദേശീയ എക്സിക്യൂട്ടീവും ചേരും. ഈമാസം 10ന് ചേരുന്ന സംസ്ഥാന എക്സീക്യൂട്ടിവ് കേരളത്തിലെ ഫലം വിശദമായി ചർച്ച ചെയ്യും. സംസ്ഥാനത്ത് മത്സരിച്ച നാല് സീറ്റിലും സിപിഐ തോറ്റുപോയി. കഴിഞ്ഞ തവണയും സംസ്ഥാനത്ത് സിപിഐ സംപൂജ്യരായിരുന്നു. തമിഴ്നാട് നിന്നുളള രണ്ട് സീറ്റ് മാത്രമാണ് സിപിഐയുടെ മാനം കാത്തത്. നാല് സീറ്റും തോറ്റ സാഹചര്യത്തിൽ സർക്കാരിൽ തിരുത്തൽ ആവശ്യപ്പെടണമെന്ന ആവശ്യം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉയരും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമർശനത്തിനും സാധ്യതയുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp