ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 255 സീറ്റില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും; ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കണ്ടെത്തുന്നത് കോണ്‍ഗ്രസിന് മുന്നിലെ വലിയ വെല്ലുവിളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 255 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിലപാട് സഖ്യകക്ഷികളെ അറിയിക്കും. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.

ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തില്‍ കടുംപിടുത്തം വേണ്ട എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. 2019 ല്‍ 421 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 255 സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാണ് നീക്കം.മറ്റിടങ്ങളില്‍ ബിജെപി വിരുദ്ധ ചേരിക്ക് ശക്തിപകരണമെന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയാണ് സീറ്റ് വിഭജനത്തില്‍ വഴങ്ങാന്‍ കോണ്‍ഗ്രസ് തയാറായത്.സഖ്യ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് രൂപീകരിച്ച നാഷണല്‍ അലയന്‍സ് കമ്മിറ്റി ഇന്ത്യാസഖ്യത്തില്‍ നിലപാട് അറിയിക്കും.

ബീഹാറില്‍ ആര്‍ജെഡി, മഹാരാഷ്ട്രയില്‍ എന്‍സിപി, കര്‍ണാടകയില്‍ ജെഡിഎസ്, ജാര്‍ഖണ്ഡില്‍ ജെഎംഎം, തമിഴ്‌നാട്ടില്‍ ഡിഎംകെ എന്നിവരുമായും നേരത്തെ സഖ്യം ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ വിജയസാധ്യത്തിലുള്ള മണ്ഡലങ്ങള്‍ നേടിയെടുക്കുക കോണ്‍ഗ്രസിന് വെല്ലുവിളിയാകും.ബിഹാറില്‍ 12 സീറ്റില്‍ മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം ബംഗാള്‍ ,ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തലവേദനയാകും. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റില്‍ 65 ഇടങ്ങളില്‍ മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.ആര്‍എല്‍ഡിക്കും കോണ്‍ഗ്രസിനും 15 സീറ്റ് നല്‍കാനാണ് നീക്കം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp