മൂന്നു ദിവസം നീണ്ടു നിന്ന ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ സമാപനം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ദുബായിലെത്തിയിരുന്നു. ഇലോൺ മസ്‌കടക്കമുളളവരുടെ പ്രത്യേക സംവാദവും ഉച്ചകോടിയിൽ നടന്നു.
പുതിയ കാലത്ത് സർക്കാരുകൾ സ്വീകരിക്കേണ്ട നയങ്ങളും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തേണ്ട മേഖലകളും സജീവമായി ചർച്ച ചെയ്യുന്ന നിരവധി സെഷനുകൾക്കാണ് മൂന്നു ദിവസം ദുബായ് വേദിയായത്. ലോകത്തിന്റെ നല്ലഭാവിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്താണ് ഉച്ചകോടി സമാപിച്ചത്. യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ഇലോൺ മസ്‌കും തമ്മിലുള്ള സംവാദം ഇന്ന് നടന്നു.
ട്വിറററിന് പുതിയ സിഇഒ ഈ വർഷം അവസാനത്തോടെയുണ്ടാവുമെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു യുഎഇ നിർമിതബുദ്ധി ഉപയോഗിച്ചുള്ള അധ്യാപകരെ വികസിപ്പിക്കാനും നടപ്പാക്കാനും പ്രവർത്തനം തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി അഹ്‌മദ് ബിൽഹൂൽ അൽ ഫലാസി വ്യക്തമാക്കി.അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിജയിക്കാൻ ആവശ്യമായ വിഭവങ്ങൾ വിദ്യാർഥികൾക്ക് ഉറപ്പുവരുത്താൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, ഈജിപ്ത്, അസർബൈജാൻ, പരാഗ്വേ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, കുവൈറ്റ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ ദുബായിലെത്തിയിരുന്നു.