പാലക്കാട് ലോട്ടറി നമ്പറില്‍ തിരുത്ത് വരുത്തി തട്ടിപ്പ് നടത്തിയിരുന്ന പ്രതി പിടിയില്‍. തച്ചനടി സ്വദേശി ഗഫൂര്‍ ആണ് പാലക്കാട് കസബ പൊലീസിന്റെ പിടിയിലായത്. ലോട്ടറി വില്‍പ്പനക്കാരുമായി സൗഹൃദം നടിച്ച് ടിക്കറ്റ് വാങ്ങിയ ശേഷം അതില്‍ നമ്പര്‍ തിരുത്തിയാണ് അവരെതന്നെ കബളിപ്പിച്ചിരുന്നത്.
മൂന്ന് വര്‍ഷമായി പ്രതി ജില്ലയിലെ പലഭാഗങ്ങളിലും തട്ടിപ്പ് നടത്തി പോരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചന്ദ്രനഗറിലെ പാതയോര കച്ചവടക്കാരിയെ 5000 രൂപ പറ്റിച്ച കേസിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തെത്തുന്നത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.