‘വംശഹത്യ എന്ന പദം ഉപയോഗിച്ചിട്ടില്ല, പ്രധാനമന്ത്രിയുടെ പ്രതികരണം ബോധപൂർവം?’; എം.കെ സ്റ്റാലിൻ

മകൻ ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധർമ പരാമർശത്തിൽ മൗനം വെടിഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ. ഉദയനിധിയുടെ വംശഹത്യ ആഹ്വാനം വ്യാജപ്രചാരണമാണ്. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം ശരിയായില്ലെന്നും സ്റ്റാലിൻ.

ഉദയനിധിയുടെ പരാമർശം ജാതീയവും സ്ത്രീകൾക്കുമെതിരായ വിവേചനങ്ങൾക്ക് എതിരെയാണെന്ന് പറഞ്ഞ സ്റ്റാലിൻ ഏതെങ്കിലും മതത്തെയോ മത വിശ്വാസത്തെയോ വ്രണപ്പെടുത്താനുള്ള ശ്രമമല്ല പ്രസ്താവനയെന്നും ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ യോഗത്തിൽ ഉദയനിധിക്ക് തക്കതായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളിൽ നിന്നും മനസിലാക്കുന്നത്. ഏതു വിഷയമായാലും അതിന്റെ നിജസ്ഥിതി മനസിലാക്കാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും പ്രധാനമന്ത്രിക്കുണ്ട്.

ഉദയനിധിയുടെ കാര്യത്തിൽ പ്രചരിക്കുന്ന കള്ളങ്ങൾ മനസ്സിലാക്കാതെയാണോ അതോ ബോധപൂർവമാണോ പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും സ്റ്റാലിൻ ചോദിച്ചു. ഉദയനിധിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്ത് അദ്ദേഹം വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. വംശഹത്യ എന്ന വാക്ക് ഉദയനിധി എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സമാനമായാണ് ഇവിടെ നുണ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp