വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ചു 9 മരണം; അപകടത്തിൽ പെട്ടത് മുളംത്തുരുത്തിയിൽ നിന്നുമുള്ള വിനോദ യാത്ര സംഘം

പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മന്ത്രി എം ബി രാജേഷും ആശുപത്രിയിലെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരുക്കേറ്റവരുള്ളത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ ആരംഭിക്കും.

ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp