വന്യജീവി ആക്രമണം; അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊല്ലപ്പെട്ടത് 486 പേര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ 2019-’24 കാലയളവില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 486 പേരെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. 2023-’24-ല്‍ കേരളത്തില്‍ 94 മരണങ്ങളുണ്ടായി. 2021-’22-ലാണ് വന്യജീവി ആക്രമണങ്ങളില്‍ കൂടുതല്‍ മരണം. ആനകളുടെ ആക്രമണത്തില്‍ 35 പേരും കടുവകളുടെ ആക്രമണത്തില്‍ ഒരുമരണവും മറ്റ് വന്യജീവികളുടെ ആക്രമണത്തില്‍ 78 മരണങ്ങളും ഉള്‍പ്പെടെ 114 മരണങ്ങളാണ് 2021-22 ല്‍ കേരളത്തിലുണ്ടായത്.

2019-’20 കാലയളവില്‍ 92 പേര്‍ മരിച്ചു. 2020-’21-ല്‍ 88 പേര്‍ മരിച്ചു. 2022-’23-ല്‍ 98 പേരും മരിച്ചിട്ടുണ്ട്. ഒഡിഷയിലാണ് ആനകളുടെ ആക്രമണങ്ങള്‍ കാരണം ഏറ്റവുമധികം മരണം. 2023-24-ല്‍ 154 പേര്‍. കടുവകളുടെ ആക്രമണത്തില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണങ്ങള്‍. 2023-ല്‍ 35 പേരും 2022-ല്‍ 82 പേരും മരിച്ചു.

വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണം – കെ.സി. വേണുഗോപാല്‍

വന്യജീവികളുടെ ആക്രമണം കേരളത്തില്‍ വര്‍ധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ലോക്‌സഭയിലെ ശൂന്യവേളയില്‍ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം 100-ഓളം ജീവനുകളാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര കണക്കുകള്‍ അനുസരിച്ച് 2019-’22 കാലയളവില്‍ ആനകളുടെ ആക്രമണത്തില്‍ 1500 മരണങ്ങളും കടുവ ആക്രമണത്തില്‍ 125 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്.

തീരദേശ നിയന്ത്രണ മേഖലയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ ആശങ്കയാണുള്ളത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വീടുവെക്കാനോ കെട്ടിടം നിര്‍മിക്കാനോ ഒരു നിയമവും ബാധകമല്ലാത്ത സാഹചര്യത്തില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ ഈ നിയന്ത്രണങ്ങളൊക്കെയും ബാധകമാണെന്നത് ഖേദകരമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp