വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സഹായം 100 കോടി കടന്നു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുക‌.
വയനാടിന് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നുമുള്ളവർ സംഭാവന നൽകിവരുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് മുതിർന്ന നേതാവ് എ കെ ആൻ്റണിയും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും അടക്കം നിരവധി പേരാണ് ഇതിനോടകം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. http://donation.cmdrf.kerala.gov/ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിന് ശേഷമേ റസീപ്റ്റ് ലഭിക്കൂ.

അതിനിടെ, വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ പൊതുതാൽപര്യ ഹർജി കോടതി തള്ളിയിരുന്നു. സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു. ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു. വയനാട് ദുരന്തത്തിന്‍റെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp