വയനാട്ടിലെ കാട്ടാന ആക്രമണം; ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചത്.

ആളെക്കൊല്ലി ആനയെ പിടികൂടാൻ ഉള്ള ശ്രമം പുരോഗമിക്കുകയാണ്. സാഹചര്യം അനുകൂലമായാല്‍ ബേലൂര്‍ മഖ്ന എന്ന ആനയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. 150 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ബേലൂര്‍ മഖ്ന നടക്കുന്നത്. വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും ആറ് ഡിഎഫ്ഒമാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സംഘത്തിലുണ്ട്. ഇന്നലെ കുങ്കിയാനകളെ വെച്ച് ആനയെ പിടികൂടാനായിരുന്നു ശ്രമിച്ചിരുന്നത്.

വിഷയം കല്‍പ്പറ്റ എംഎംല്‍എ ടി സിദ്ദിഖ് നിയമസഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ചിട്ടുണ്ട്. ആനയെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും എന്നാല്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമാണ് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ പടമല പനച്ചിയിൽ അജീഷ് കുമാറാർ കൊല്ലപ്പെട്ടത്. കർണാടക റേഡിയോ കോളർ പിടിപ്പിച്ച മോഴ ആനയാണ് കാടിറങ്ങി ആക്രണം നടത്തിയത്. രാവിലെ പുല്ലരിയാൻ പോയതായിരുന്നു അജീഷ്. ഈ സമയം അജീഷ് കാട്ടാനയ്ക്കു മുന്നിൽപ്പടുകയായിരുന്നു. മുന്നിൽ വന്നുപെട്ട ആനയെ കണ്ട് സമീപത്തെ അജീഷ് സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. അജീഷിൻ്റെ മൃതദേഹവുമായി പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. ജില്ലാ കളക്ടറുടെ ഓഫീസിലേക്കും പ്രതിഷേധം ഇരമ്പി. വനം വകുപ്പിന്റെ അനാസ്ഥ മൂലമാണ് അജീഷ് കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണത്തിൽ നിന്ന് ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp