വയനാട് ജില്ലയില്‍ സമ്പൂര്‍ണ ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്.

സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 30 വയസിന് മുകളിലുള്ള 4,38,581 ആകെ ജനസംഖ്യയില്‍ 4,30,318 പേരുടയും സ്‌ക്രീനിംഗ് നടത്തി. നേട്ടം കൈവരിക്കാനായി പ്രവര്‍ത്തിച്ച മുഴുവൻ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

വയനാട് ജില്ലയില്‍ 20.85 ശതമാനം പേര്‍ (89,753) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. 11.80 ശതമാനം പേര്‍ക്ക് (50,805) രക്താതിമര്‍ദ്ദവും, 6.59 ശതമാനം പേര്‍ക്ക് (28,366) പ്രമേഹവും, 3.16 ശതമാനം പേര്‍ക്ക് (13,620) ഇവ രണ്ടും ഉള്ളതായി കണ്ടെത്തി. 6.18 ശതമാനം പേര്‍ക്ക് (26,604) കാന്‍സര്‍ സംശയിക്കുന്നുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.

സംസ്ഥാന വ്യാപകമായി 55 ലക്ഷത്തിലധികം പേരെ (55,89,592) വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. 19.13 ശതമാനം പേര്‍ (10,69,753) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.83 ശതമാനം പേര്‍ക്ക് (6,05,407) രക്താതിമര്‍ദ്ദവും, 8.79 ശതമാനം പേര്‍ക്ക് (4,91,401) പ്രമേഹവും, 3.79 ശതമാനം പേര്‍ക്ക് (2,11,962) ഇവ രണ്ടും ഉള്ളതായി കണ്ടെത്തി. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp