വയനാട് ദുരന്തം: ധനസമാഹരണത്തിന് മൊബൈല്‍ ആപ്പുമായി കെപിസിസി

വയനാട് മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ് വഴിയുള്ള ധനസമാഹരണ യജ്ഞം ഈ മാസം 19 മുതല്‍ ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു.

പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെ ആയിരിക്കും കെപിസിസിയുടെ നേതൃത്വത്തില്‍ വയനാട് പുനരധിവാസ ധനസമാഹരണ യജ്ഞം നടത്തുക. ഇതിനായി കെപിസിസി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.സ്റ്റാന്‍ഡ് വിത്ത് വയനാട്-ഐ എന്‍ സി എന്നാണ് കെപിസിസി മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്.ആപ്പിന്റെ ലോഞ്ചിംഗ് ആഗസ്റ്റ് 19ന് എറണാകുളം കളമശേരി ചാക്കോളാസ് പവിലിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നിര്‍വ്വഹിക്കും.

പ്ലേ സ്റ്റോര്‍,ആപ്പ് സ്റ്റോര്‍ എന്നിവ വഴി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.ഫണ്ട് സമാഹരണത്തിനായി ധനലക്ഷി ബാങ്കിന്റെയും ഫെഡറല്‍ ബാങ്കിന്റെയും രണ്ട് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സംഭാവന നല്‍കിയ വ്യക്തിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കും.

ഡിജിറ്റല്‍ രസീത് ആപ്പ് വഴി പ്രിന്റെടുക്കാനുള്ള സൗകര്യവുമുണ്ട്. വയനാട് ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനായി ഒന്‍പത് അംഗ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. ഇവരാകും കോണ്‍ഗ്രസിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp