വയനാട് മീനങ്ങാടിയിൽ ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു. ‘വയനാട് സൗത്ത് 09’ ആൺ കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വയനാട് മീനങ്ങാടി നാലാംവാർഡ് സി.സി.യിൽ പശുക്കിടാവിനെ കൊന്ന കടുവയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. കടുവയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.
അരിവയലിൽ ഇറങ്ങിയതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രൻറെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. അതിനെ തുടർന്നാണ് തൊഴുത്തിൽ കാമറ സ്ഥാപിച്ചത്. രണ്ടാം ദിവസം കടുവ എത്തിയപ്പോൾ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു.