വരാപ്പുഴ സ്‌ഫോടനത്തിൽ ഉടമയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഉടമ ജാൻസനെതിരെ മനഃപൂർവമായ നരഹത്യക്കാണ് കേസ്. പടക്ക നിർമ്മാണം നടത്തിയത് നിയമ വിരുദ്ധമായെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പടക്കശാലയിൽ അനുവദനീയമായ അളവിലും കൂടുതൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു. പടക്കം സൂക്ഷിച്ചത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയെന്നും എഫ്‌ഐആറിൽ പറയുന്നു
ഇന്നലെ വൈകീട്ടോടെയാണ് വരാപ്പുഴയിൽ പടക്കശാലയിൽ വൻ സ്‌ഫോടനം നടക്കുന്നത്. ഒരാൾ മരിച്ചു. സംഭവത്തിൽ 7 പേർക്ക് പരുക്കേറ്റു. പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്. സംഭവത്തിൽ ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. പ്രദേശത്തെ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും അടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രദേശവാസിയായ ജാൻസന്റ ഉടമസ്ഥതയിലാണ് പടക്കശാല. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. പരുക്ക് പറ്റിയവരിൽ മൂന്ന് കുട്ടികളുമുണ്ട്. പടക്കനിർമ്മാണ ശാലയ്ക്ക് ലൈസൻസ് ഇല്ലെന്നും, തഹസിൽദാറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടർ രേണു രാജ് പറഞ്ഞു. വർഷങ്ങളായി പ്രദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. ജനവാസ മേഖലയിൽ പടക്കനിർമ്മാണ ശാല എങ്ങിനെ പ്രവർത്തിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. സ്‌ഫോടനത്തിൽ പ്രദേശത്തെ 50 ഓളം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അതേസമയം, സ്‌ഫോടനത്തിൽ മരിച്ച ഡേവിസിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും. കളമശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റ് മോർട്ടം. സ്‌ഫോടനത്തിൽ പരുക്കേറ്റ മൂന്ന് പേരുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലുള്ള ഒരു കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വരും.