സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവർക്ക് ഇനി മുതൽ ആധാർ, പാൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ കോഡ് നിലവിൽ വരുന്നു. നാഷ്ണൽ ഇക്കണോമിക് ഒഫൻസ് റെക്കോർഡ്‌സിൽ കേന്ദ്ര അന്വേഷണ ഏജൻസി സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് പിന്നാലെ ജെനറേറ്റ് ചെയ്യപ്പെടുന്ന ആൽഫാ-ന്യൂമറിക് കോഡാകും ഇത്. ‘യുണീക്ക് ഇക്കണോമിക് ഒഫൻഡർ കോഡ്’ എന്നാണ് ഇതിന്റെ പേര്.
സാമ്പത്തിക കുറ്റകൃത്യം നടന്ന ശേഷം അന്വേഷണം നടത്താനായി ഒരു ഏജൻസി കുറ്റപത്രം ഫയൽ ചെയ്യുന്നത് വരെ കാത്തിരിക്കേണ്ട നിലവിലെ സ്ഥിതിക്കാണ് പുതിയ നീക്കം അന്ത്യം കുറിക്കുന്നത്. പുതിയ കോഡുമായി സാമ്പത്തിക കുറ്റകൃത്യം നടത്തിയവരുടെ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതോടെ അവർ പുതുതായി എന്തെങ്കിലും കുറ്റകൃത്യം നടത്തിയാൽ മൾട്ടി-ഏജൻസി അന്വേഷണം ഞൊടിയിടയിൽ ആരംഭിക്കാൻ കഴിയും.
ഒരു വ്യക്തിയാണ് സാമ്പത്തിക കുറ്റകൃത്യം ചെയ്തതെങ്കിൽ ഏജൻസി പുറപ്പെടുവിക്കുന്ന യുണീക്ക് ഇക്കണോമിക് ഒഫൻഡർ കോഡ് ആധാറുമായും കുറ്റകൃത്യം ചെയ്യുന്നത് ഒരു കമ്പനിയാണെങ്കിൽ പാൻ കാർഡുമായുമാകും ബന്ധിപ്പിക്കുക.
മുൻ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, വ്യവസായി വിജയ് മല്യ, മുൻ കേന്ദ്ര മന്ത്രി പി ചിതംബരം എന്നിങ്ങനെ ഉന്നതർക്കും ഈ കോഡ് ബാധകമാകും. പാരിസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ഈ വർഷം നടക്കാനിരിക്കുന്ന മീറ്റിംഗിൽ ഇന്ത്യ ഈ പദ്ധതി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.