വലിയ അപകടം പതിയിരിക്കുന്നു, ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്; എങ്ങനെ പ്രശ്നത്തെ മറികടക്കാം

ദില്ലി: ഗൂഗിൾ ക്രോം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, സൈബർ ആക്രമണത്തെ കരുതിയിരിക്കുക. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം സിഇആർടി-ഇന്‍ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ തകരാറുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണിയുയർത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ പിഴവുകള്‍ മുതലാക്കി ഹാക്കർമാർക്ക് സിസ്റ്റം ക്രാഷ് ചെയ്യാനാകും.

2024 സെപ്റ്റംബർ 26-ന് പുറത്തിറക്കിയ ഏറ്റവും പുതിയ സിഇആർടി-ഇന്നിന്‍റെ നോട്ടിലാണ് ക്രോമിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നത്. ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഈ പിഴവുകളെ ഉയർന്ന തീവ്രതയുടെ പ്രശ്നങ്ങളുടെ കൂട്ടത്തിലാണ് സിഇആർടി-ഇന്‍ ചേർത്തിരിക്കുന്നത്. ഗുരുതരമായ സുരക്ഷാ അപകടങ്ങളിലേക്ക് നയിക്കുന്ന ജാവാസ്ക്രിപ്റ്റ് എഞ്ചിനിലെ (V8) പിഴവുകളും അനുചിതമായ നിർവ്വഹണങ്ങളും കാരണമാണ് ഈ കേടുപാടുകൾ സംഭവിക്കുന്നതെന്ന് സിഇആർടി-ഇൻ പറയുന്നു. ടാർഗെറ്റഡ് സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യുന്നതിലൂടെ ഹാക്കർമാർക്ക് ഈ കേടുപാടുകൾ മുതലെടുക്കാൻ കഴിയും.

ഈ കേടുപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ഏറ്റവും പുതിയ പതിപ്പിലേക്ക് ക്രോമിനെ അപ്ഡേറ്റ് ചെയ്യാനാണ് സിഇആർടിഇന്നും ഗൂഗിളും ശക്തമായി ശുപാർശ ചെയ്യുന്നത്. ഗൂഗിൾ അതിന്‍റെ ക്രോം ബ്രൗസറിൽ ഈ കേടുപാടുകൾ പരിഹരിക്കുന്ന ഒരു അപ്‌ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ നിങ്ങൾ ഗൂഗിൾ ക്രോമിന്‍റെ 129.0.6668.70 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതും ഗുണം ചെയ്യും. നിങ്ങളുടെ ക്രോം പതിപ്പ് പരിശോധിച്ച് അത് അപ്ഡേറ്റ് ചെയ്യാനായി ക്രോം ഓപ്പൺ ചെയ്ത ശേഷം മുകളിൽ വലത് ഭാഗത്ത് കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഹെൽപ്പ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതില്‍ കാണുന്ന അപ്ഡേറ്റിൽ ഗൂഗിൾ ക്രോം അപ്ഡേറ്റ്  ക്ലിക്ക് ചെയ്യുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp