വഴി എളുപ്പമാക്കാന്‍ വന്‍മതില്‍ പൊളിച്ചു; ചൈനയില്‍ 2 പേര്‍ അറസ്റ്റില്‍

ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് പൊളിച്ചത്. 38 കാരിയും 55കാരനുമാണ് അറസ്റ്റിലായത്. വഴി എളുപ്പമാക്കുന്നതിനായാണ് വന്‍മതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വന്‍മതിലിന്റെ സുരക്ഷിതത്വത്തിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24നായിരുന്നു സംഭവം. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മിംഗ് രാജവംശ(1368-1644)ത്തിലാണ് നിര്‍മ്മിതമായതാണ് 32-ാം നമ്പര്‍ മതില്‍. 1987 മുതല്‍ വന്‍മതില്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ആദ്യത്തെ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങ് ബിസി 220-ലാണ് വന്‍മതിലിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് വിവിധ കാലഘട്ടങ്ങളില്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

21,196 കിലോമീറ്റര്‍ നീളം വരുന്ന വന്‍മതിലിന്റെ 30 ശതമാനത്തിലധികവും നശിച്ചു. ശേഷിക്കുന്ന ഭാഗം സംരക്ഷിച്ചുവരികയാണ്. വന്‍മതില്‍ ടൂറിസത്തില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2021ല്‍ രണ്ടു ടൂറിസ്റ്റുകളെ നിയന്ത്രണങ്ങള്‍ അവഗണിച്ചതിന് വന്‍മതില്‍ സന്ദര്‍ശനത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയരുന്നു. ഓഗസ്റ്റില്‍, ചുവരില്‍ ഹെയര്‍പിന്‍ ഉപയോഗിച്ച് വരച്ചതിന് ഒരു വിനോദസഞ്ചാരിയെ തടഞ്ഞുവയ്ക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp