ന്യൂഡൽഹി: തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ടിആർഎസ് എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ച തുഷാർ ടിആർഎസ് നേതാക്കളുമായി സംസാരിച്ചു. 100 കോടി രൂപ നൽകി നാല് എംഎൽഎമാരെ ബിജെപിയിലെത്തിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കെസിആർ ആരോപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാർ. എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാൻ നീക്കം നടത്തിയ നാല് ബ്രോക്കർമാരിൽ ഒരാൾ തുഷാർ വെള്ളാപ്പള്ളിയാണ്. തെലങ്കാന സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷൻ്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തുഷാറിൻ്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി ശ്രമങ്ങളുടെ തെളിവുകൾ കൈവശമുണ്ടെന്ന് വ്യക്തമാക്കിയ തുഷാർ ഏജൻ്റുമാർ തുഷാറിനെ ബന്ധപ്പെട്ടതിൻ്റെ ഫോൺ വിവരങ്ങൾ പുറത്തുവിട്ടു. ഇത്തവണ തെലങ്കാനയ്ക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനാണ് ശ്രമം നടന്നത്. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവര്‍ പ്രവർത്തിച്ചത്. ലഭ്യമായ തെളിവുകൾ തെലങ്കാന ഹൈക്കോടതിക്ക് കൈമാറി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്കും അന്വേഷണ ഏജൻസികൾക്കും തെളിവുകൾ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ കെസിആർ പുറത്തുവിട്ടു. അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറായിട്ടില്ല.
നാല് ടിആർഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്ന് പേരെ കോടിക്കണക്കിന് രൂപയുമായി പോലീസ് പിടികൂടിയിരുന്നു. രാമ ചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാംജി സ്വാമിത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹർഷവർധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നീ എംഎൽഎമാരെയാണ് ബിജെപി പാളയത്തിലെത്തിക്കാൻ നീക്കം നടന്നതെന്നാണ് റിപ്പോർട്ട്.