വാട്‌സ്ആപ്പിൽ ഇനി മുതൽ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക്കും;പുത്തൻ അപ്ഡേറ്റ് എത്തുന്നു

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഇതാ ഒരു പുത്തൻ അപ്ഡേറ്റ് എത്തുകയാണ്. ഇനി മുതൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ചിത്രങ്ങള്‍ക്കൊപ്പം മ്യൂസിക്കോ അല്ലെങ്കിൽ ട്യൂണുകളോ ചേർക്കാൻ കഴിയുന്ന പുതിയ ഫീച്ചര്‍ ഉടന്‍ എത്തുമെന്നാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ഇതിനായുള്ള പരീക്ഷണങ്ങൾ മെറ്റ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനില്‍ ആരംഭിച്ചു കഴിഞ്ഞു. വാട്‌സ്ആപ്പ് സ്റ്റാറ്റ‍സ് അപ്ഡേറ്റുകളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ നിലവിൽ മെറ്റയുടെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ഇന്‍റര്‍ഫേസാകും ഇതിനായി വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലേക്ക് മെറ്റ കൊണ്ടുവരിക. ഇപ്പോൾ വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്, ഐഒസ് ബീറ്റ വേര്‍ഷനുകളിലാണ് ഈ ഫീച്ചർ ലഭിച്ചു തുടങ്ങിയിരിക്കുന്നത്.ഈ പുത്തൻ അപ്ഡേറ്റിനായി മ്യൂസിക് ലൈബ്രററി ബ്രൗസ് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. ഇന്‍സ്റ്റഗ്രാമിലുള്ള അതേ ഫീച്ചറാണിത്. സ്റ്റാറ്റസിനായി സ്വീകരിക്കുന്ന സംഗീതത്തിന്‍റെ ആര്‍ട്ടിസ്റ്റ്, ട്രെന്‍ഡിംഗ് ട്രാക്ക് തുടങ്ങിയവ ഇതില്‍ അറിയാനുമാകും. ഇന്‍സ്റ്റ സ്റ്റോറിയിലെ പോലെ തന്നെ ഒരു പാട്ടിലെയോ ട്യൂണിലേയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഗം മാത്രം സെലക്ട് ചെയ്ത് സ്റ്റാറ്റസില്‍ ചേര്‍ക്കാനാകും. വാട്‌സ്ആപ്പ് സമീപകാലങ്ങളിൽ ഏറെ പുത്തൻ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു വരികയാണ്. ഇതിലൂടെ മെറ്റ വാട്‌സ്ആപ്പിനെ കൂടുതൽ യൂസര്‍-ഫ്രണ്ട്‌ലി ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp