വാട്സ് ആപ്പിൽ ഇനി ചാനൽ സൗകര്യവും.

വാട്സ്ആപ്പിൽ പുത്തൻ അപ്ഡേറ്റുമായി മാതൃകമ്പനിയായ മെറ്റ. ടെലഗ്രാമിലേയും ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്‌കാസ്റ്റിംഗ് ചാനലുകൾക്കും സമാനമായ ചാനൽ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവെക്കാൻ കഴിയുന്ന സംവിധാനമാണ് വാട്‌സ്ആപ്പ് ചാനൽ. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ പുതിയ ഫീച്ചർ ലഭ്യമാണ്.

അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് മെറ്റ നിലവിൽ അവരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകൾ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകൾ അറിയാനും ചാനൽ സംവിധാനത്തിലൂടെ സാധിക്കും. ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് ചാനൽ സൗകര്യം ലഭ്യമാവുക. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്.

വാട്സ്ആപ്പ് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുമ്പോൾ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്‌താൽ ഒരു ചാനൽ പിന്തുടരാൻ സാധിക്കും. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കൾക്ക് ചാനൽ പിന്തുടരാം. ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക. യൂസർമാർക്ക് ചാനൽ പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ കഴിയും. വാട്സ്ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്‌കാസ്റ്റ് മെസ്സേജിങ് പ്രൊഡക്‌ട് ആക്കി മാറ്റാൻ പുതിയ ചാനൽ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്. അതേസമയം ചാനലിൽ പങ്കാളിയാകുന്നവരുടെ പ്രൊഫൈൽ അഡ്‌മിന് മാത്രമായിരിക്കും കാണാൻ കഴിയുക. ചാനലിൽ ഉള്ള മറ്റംഗങ്ങൾക്ക് മറ്റുള്ളവരുടെ ഫോൺ നമ്പറോ പ്രൊഫൈലോ കാണാൻ സാധിക്കില്ല.

ചാനലിൽ അയക്കുന്ന സന്ദേശങ്ങൾക്ക് 30 ദിവസം മാത്രമേ കാണാൻ കഴിയു. അതിന് ശേഷം അവ നീക്കം ചെയ്യപ്പെടും. ഒരു ചാനൽ ഫോളോ ചെയ്യുന്നത് നിർത്തണമെങ്കിൽ, ഏത് സമയത്തും മ്യൂട്ട് ചെയ്യുകയോ അൺസബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്യാവുന്നതുമാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp