വായ്ക്കുള്ളിലെ തൊലിയിലൂടെ കൃത്രിമ മൂത്രനാളി സൃഷ്ടിച്ച് ശസ്ത്രക്രിയ; മെഡിക്കൽ കോളജിന് അപൂർവ നേട്ടം

മെഡിക്കൽ കോളജ് ആശുപത്രിയിൽ വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് രോഗിയ്ക്ക് അത്യപൂർവ ശസ്ത്രക്രിയ. മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ പി ആർ സാജുവിന്റെ നേതൃത്വത്തിലാണ് ഈ താക്കോൽ ദ്വാര ശസ്ത്രക്രിയ നടന്നത്.
മൂത്രനാളിയുടെ തകരാർ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള കാട്ടാക്കട സ്വദേശിയായ 32 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.

വിദേശത്തും ഇന്ത്യയിലെയും ചുരുക്കം ചില വലിയ ആശുപത്രികളിൽ മാത്രം നടന്നിട്ടുള്ള ശസ്ത്രക്രിയ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആദ്യവുമാണ്. മൂത്രനാളിയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് 2013 ൽ യുവതിയ്ക്ക് ഒരു ശസ്ത്രക്രിയ നടന്നിട്ടുണ്ട്. എന്നാൽ അസുഖത്തിന് ശമനമുണ്ടായില്ല. 2019 ൽ മൂത്രനാളിയിൽ സ്റ്റെന്റ് സ്ഥാപിച്ചുവെങ്കിലും കാര്യമായ പ്രയോജനവുമുണ്ടായില്ല. വലത്തെ വൃക്കയുടെ പ്രവർത്തനവും കുറഞ്ഞു വന്നു. തുടർന്നാണ് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ സജ്ജീകരിച്ചിട്ടുള്ള നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മൂത്രനാളി കൃത്രിമമായി സൃഷ്ടിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.

താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ മൂത്രനാളിയിലെ അടഞ്ഞ ഭാഗം മുറിച്ചു നീക്കിയ ശേഷം ബക്കൽ മുകോസാ എന്നറിയപ്പെടുന്ന വായ്ക്കുള്ളിലെ തൊലി ഉപയോഗിച്ച് നിർമ്മിച്ച പുതിയ മൂത്രനാളി വിജയകരമായി വച്ചുപിടിപ്പിക്കുകയായിരുന്നു. ഏതാണ്ട് നാലു മണിക്കൂർ സമയം മാത്രമാണ് ഈ ശസ്ത്രകിയയ്ക്കായി ചെലവഴിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്ന രോഗിയുടെ വൃക്കയും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

ശസ്ത്രക്രിയയിൽ മെഡിക്കൽ കോളജിലെ യൂറോളജി യൂണിറ്റ് -3 മേധാവി ഡോ പി ആർ സാജുവിനൊപ്പം ഡോ എം കെ മനു, ഡോ അണ്ണപ്പാ കമ്മത്ത്, ഡോ ഹിമാംശു പാണ്ഡെ, ഡോ സുധീർ, ഡോ നാഗരാജ്, ഡോ പ്രിഥ്വി വസന്ത്, ഡോ അക്വിൽ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ അരുൺകുമാർ, ഡോ കാവ്യ, ഡോ ഹരി, ഡോ ജയചന്ദ്രൻ, നേഴ്സുമാരായ രമ്യ, ഉദയറാണി, ജീന, മായ എന്നിവരും ടെക്നിക്കൽ സ്റ്റാഫുകളായ നിജിൻ, പ്രവീൺ എന്നിവരും പങ്കാളികളായി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp