വിജയ്‌യുടെ പാര്‍ട്ടി പ്രഖ്യാപനത്തില്‍ തമിഴ്‌നാട്ടില്‍ സമ്മിശ്ര പ്രതികരണം; ആശംസ നേര്‍ന്ന് ഉദയനിധിയും

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ തമിഴ്‌നാട്ടില്‍ സമിശ്ര പ്രതികരണം. രാഷ്ട്രീയത്തിലേക്ക് വിജയെ സ്വാഗതം ചെയ്യുമ്പോഴും സിനിമയല്ല രാഷ്ട്രീയമെന്ന ഓര്‍മപ്പെടുത്തലുകളാണ് അധികവും. ജനാധിപത്യ ഇന്ത്യയില്‍ ആര്‍ക്കും പാര്‍ട്ടി ആരംഭിക്കാമെന്നും വിജയാശംസകള്‍ എന്നും മന്ത്രി ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. വിജയ്‌യുടെ വരവ് രാഷ്ട്രീയത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു. 

2026ലെ തെരഞ്ഞെടുപ്പില്‍ ആര് പുതിയ പാര്‍ട്ടിയുമായി വന്നാലും അണ്ണാ ഡി എം കെയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് മുന്‍ മന്ത്രിയും എ ഡി എം കെ മുതിര്‍ന്ന നേതാവുമായ ഡി ജയകുമാര്‍ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള തീവ്ര ശ്രമമാണ് തമിഴക വെട്രി കഴകം പ്രവര്‍ത്തകള്‍ ആരംഭിച്ചിട്ടുള്ളത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു കോടി പേരെ പാര്‍ട്ടിയില്‍ ചേര്‍ക്കാനാണ് വിജയുടെ ആഹ്വാനം.

അതേസമയം തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വിലയേറിയ താരമായ വിജയിയുടെ സിനിമ കരിയര്‍ എന്താകും എന്നത് ഏറെ ചര്‍ച്ചയാകുന്നുണ്ട്. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ വിജയ് പറയുന്നു. തന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ് കത്തില്‍ പറയുന്നത്. പിന്നീട് പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp