വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക്; ഈ വർഷം 13,35,878 പേർ, ഏറ്റവും കൂടുതൽ പേർ കാനഡയിൽ

ദില്ലി: വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2024 ലെ കണക്ക് പ്രകാരം വിദേശ രാജ്യങ്ങളിൽ ഉപരി പഠനം നടത്തുന്നത് 13 ലക്ഷത്തിലധികം പേരാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനം നടത്തുന്നത് കാനഡയിലാണ്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ അറിയിച്ചതാണിത്. 13,35,878 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് ഉപരിപഠനം നടത്തുന്നു എന്നാണ് മന്ത്രി പറഞ്ഞത്.  2023-ൽ 13,18,955 പേരും 2022-ൽ 9,07,404 പേരുമാണ് വിദേശത്ത് പഠനം നടത്തിയിരുന്നത്. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ സർക്കാരിന്‍റെ കയ്യിലുണ്ടോ എന്ന ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

സർക്കാർ കണക്ക് പ്രകാരം ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത് കാനഡയിലാണ്. 4,27,000 വിദ്യാർത്ഥികളാണ് ഈ വർഷം കാനഡയിൽ പഠിക്കുന്നത്. 3,37,630 പേർ അമേരിക്കയിലാണ്. 8,580 പേർ ചൈനയിലും  2510 പേർ യുക്രൈനിലും 900 പേർ ഇസ്രായേലിലും 14 പേർ പാകിസ്ഥാനിലും എട്ട് പേർ ഗ്രീസിലും പഠനം നടത്തുന്നു. 

വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും ഗ്ലോബൽ റിഷ്താ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. അവർ പോകുന്ന രാജ്യങ്ങളിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള യാത്രകൾ എളുപ്പമാക്കുന്നതിനായി ഇന്ത്യക്കാർക്ക് വിസ ഫ്രീ എൻട്രി, വിസ ഓൺ അറൈവൽ സൗകര്യങ്ങൾ എന്നിവ നൽകുന്ന രാജ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ നിരന്തരം ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp