വിദ്യ ഒമ്പതാം ദിവസവും ഒളിവില്‍ത്തന്നെ; കണ്ടെത്താനാകാതെ പൊലീസ്

വ്യാജരേഖയുണ്ടാക്കിയ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ പൊലീസിന് കണ്ടെത്താനായില്ല. കേസെടുത്ത ശേഷം ഒമ്പതാം ദിവസവും വിദ്യ ഒളിവില്‍ തന്നെയാണ്. വിദ്യയുടെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ അട്ടപ്പാടി ഗവൺമെന്റ് കോളജിലെ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വർഗീസിന്റെയും അഭിമുഖം നടത്തിയ പാനലിലെ അംഗങ്ങളുടെയും രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ഇതിനായി പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക്
പൊലീസ് തപാലിൽ അപേക്ഷ അയച്ചു. പ്രിൻസിപ്പലും വിദ്യയും ഫോണിൽ സംസാരിച്ചതിന്റെ വിവരങ്ങളും പരിശോധിക്കും.

ഫോൺ കോൾ റെക്കോർഡ് ചെയ്തെന്ന് ആദ്യം പറഞ്ഞ പ്രിൻസിപ്പൽ പിന്നീട് ശബ്ദരേഖ കയ്യിൽ ഇല്ലെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ ശബ്ദരേഖയെക്കുറിച്ചു പൊലീസ് തന്നോട് ചോദിച്ചിട്ടില്ലെന്നാണ് ലാലി വർഗീസ് പറയുന്നത്. മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. അഭിമുഖത്തിന് എത്തിയ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ സംശയം തോന്നി മാർച്ച് 2നു തന്നെ പ്രിൻസിപ്പൽ വിദ്യയെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നു ചോദിച്ചിരുന്നു. അല്ലെന്നായിരുന്നു വിദ്യ മറുപടി നൽകിയത്.

അതിനിടെ കാസർകോട് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളജിൽ നിന്നും ഇന്നലെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കോളജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. മഹാരാജാസ് കോളജിൽ നിന്ന് നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റും പൊലീസ് ശേഖരിച്ചു. കരിന്തളം സർക്കാർ കോളജിൽ നേരത്തെ കെ വിദ്യ അധ്യാപനം നടത്തിയിരുന്നു. ഇതിനായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളജിൽ വ്യാജരേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ച കേസിൽ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കരിന്തളം കോളജിൽ വ്യാജരേഖ ഹാജരാക്കി ജോലി നേടിയ കേസിൽ വിദ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടില്ല. വ്യാജരേഖയുണ്ടാക്കി ആരെയും വഞ്ചിക്കുകയോ വ്യക്തിപരമായ നേട്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ വഞ്ചനാക്കേസ് നിലനിൽക്കില്ല, രാഷ്ടീയ പ്രേരിതമായ കേസിൽ തന്നെ വ്യക്തിഹത്യ ചെയ്യാനും കരിയർ നശിപ്പിക്കാനുമാണ് ശ്രമം, അന്വേഷണവുമായി സഹകരിക്കാം, ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നുമാണ് വിദ്യ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp