വിമാനങ്ങൾക്കു നേരെയുള്ള ബോംബ് ഭീഷണി;11 എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ ഏജന്‍സികള്‍

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ 11 എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ ഏജന്‍സികള്‍. വിവരങ്ങള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി.

ഞായറാഴ്ച മാത്രം 13 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത്. ഇന്‍ഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങള്‍ക്കും വിസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ആകാശയുടെ ഒരു വിമാനത്തിനുമായിരുന്നു ഭീഷണി ലഭിച്ചത്. E 58 ജിദ്ദ-മുംബൈ, 6E 133പൂനെ-ജോധ്പുര്‍, 6E 112 ഗോവ അഹമ്മദാബാദ് തുടങ്ങിയ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചു. വിസ്താരയുടെ സിംഗപ്പുര്‍-ഡല്‍ഹി, സിംഗപ്പൂര്‍-പൂനെ, സിംഗപ്പൂര്‍-മുംബൈ, ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്, ബാലി-ഡല്‍ഹി, മുംബൈ സിംഗപ്പൂര്‍ എന്നീ വിമാനങ്ങള്‍ക്ക് നേരെയും ആകാശ എയറിന്റെ ലഖ്നൗ-മുംബൈ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

ഇതുകൂടെ കൂടാതെ കര്‍ണാടകത്തിലെ ബെലഗാവി വിമാനത്താവളത്തിന് നേരെയും ബോംബാക്രമണ ഭീഷണി ലഭിച്ചിരുന്നു. എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് പോലീസും സംയുക്ത പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. ചെന്നൈയില്‍ നിന്നുള്ള കേന്ദ്രത്തില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp