വിയോജിപ്പുകൾ തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദം; പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു; ഉമ്മൻ ചാണ്ടിയെ കുറിച്ച് പിണറായി

തിരുവനന്തപുരം: അവിശ്രമം എന്ന പദത്തിന് എല്ലാ അർത്ഥത്തിലും പാര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു. രോഗാതുരമായ കാലത്തെ കുറിച്ച് ചെറിയ വിവരണമേ ആത്മകഥയിൽ പോലും പറഞ്ഞിട്ടുള്ളൂ. അതികഠിന രോഗാവസ്ഥയിലും പ്രസന്നതയോടെ മാത്രം സംസാരിച്ചു. അതിജീവനത്തിന്റെ മികച്ച മാതൃക കൂടിയാണ് ഉമ്മൻചാണ്ടി. വിമർശിക്കുന്നവരും തളർത്തുന്നവരും ഉണ്ടാകും. പക്ഷേ അതിലൊന്നും വീഴാതെ ലക്ഷ്യത്തിലേക്ക് നടന്നടുക്കണമെന്നും പിണറായി പറഞ്ഞു. ഓർമ്മയിൽ ഉമ്മൻചാണ്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയിലടക്കം ഉമ്മൻചാണ്ടിയോട് പല കാര്യങ്ങളിൽ യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു പരസ്പരം ഉണ്ടായിരുന്നത്. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു.

പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മൻചാണ്ടിക്ക് തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പകുതിയിലധികം ജീവിതകാലവും ഉമ്മൻചാണ്ടി ചെലവഴിച്ചത് തിരുവനന്തപുരത്താണ്. മുഖ്യമന്ത്രിയായി എൽഡിഎഫ് തീരുമാനിച്ചപ്പോൾ ആദ്യം കണ്ടത് ഉമ്മൻചാണ്ടിയെയാണ്. ഓരോ മേഖലയും ഓരോ തരത്തിലുള്ള നേതൃഗുണമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവർക്ക് മാത്രമെ പൊതു പ്രവർത്തനത്തിൽ മികവുണ്ടാക്കാനാകൂ. ഇതിന് നല്ല ഉദാഹരണമായിരുന്നു ഉമ്മൻചാണ്ടിയെന്നും പിണറായി പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടക്കും വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മൻചാണ്ടിയുമെന്ന് ചാണ്ടി ഉമ്മനും പറഞ്ഞു. ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്താണ്. ഉമ്മൻചാണ്ടി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടപ്പോൾ മുഖ്യമന്ത്രി പ്രത്യേക താൽപര്യം കാണിച്ച് അദേഹത്തിന് വേണ്ടി ഒരുപാട് ഇടപെടലുകൾ നടത്തിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp