വിഴിഞ്ഞം തുറമുഖം; ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് ഇന്ന് സ്വീകരണം. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി ഗ്രൂപ്പ് സി.ഇ.ഒ. കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുക്കും. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയില്‍നിന്നുള്ള കപ്പല്‍ തുറമുഖത്തെത്തിയത്.

100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ എത്തിച്ചത്. ആദ്യ ചരക്കുകപ്പല്‍ പോലെ, പ്രാധാന്യമുള്ള കപ്പലുകള്‍ എത്തുമ്പോള്‍ ക്യാപ്റ്റനു മെമന്റോ നല്‍കി സ്വീകരിക്കുന്ന രീതിയാണ് തുറമുഖങ്ങളിലുള്ളത്. ആ ചടങ്ങ് കപ്പല്‍ എത്തിയ 12നു നടന്നിരുന്നു. നിര്‍മാണ ഘട്ടത്തിലുള്ള തുറമുഖമായതിനാല്‍ കപ്പലിലെ ജീവനക്കാര്‍ക്കു കരയ്ക്കിറങ്ങാന്‍ അനുവാദമില്ല.

ക്രെയിനുകളുമായി അടുത്ത കപ്പല്‍ ചൈനയില്‍നിന്നു നവംബര്‍ 15നു പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് 7700 കോടിയുടെ പൊതു-സ്വകാര്യ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് അദാനി ഗ്രൂപ്പുമായി കരാറൊപ്പിട്ടത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp