തൻറെ ആഗ്രഹങ്ങൾ മുന്നോട്ട് വെക്കാനും അഭിപ്രായങ്ങൾ പറയാനും ഒരു മടിയും കാണിക്കാത്ത നേതാവാണ് കെ സിദ്ധരാമയ്യ. കഴിഞ്ഞ സർക്കാരിലെ ബി.ജെ.പി അംഗങ്ങൾ അദ്ദേഹത്തെ അതിമോഹിയെന്ന് പരിഹസിച്ചപ്പോഴെല്ലാം, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, ഒരു ദിവസം വീണ്ടും താൻ കർണാടക മുഖ്യമന്ത്രിയാകുമെന്ന് ഒരു മടിയും കൂടാതെ തന്നെ പറഞ്ഞിരുന്നു
ഈ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ അധികാരം പിടിക്കാൻ വരുണയിൽ കോൺഗ്രസ് തുറുപ്പു ചീട്ടാക്കിയതും കെ സിദ്ധരാമയ്യയെയാണ്. ആ തീരുമാനം തെറ്റിയില്ലെന്നു തന്നെ പറയാം. എന്നാൽ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) തെരഞ്ഞെടുത്തതും ശക്തനായ കോൺഗ്രസ് നേതാവ് വി. സോമണ്ണയെയായിരുന്നു.
കർണാടകയിലെ മൈസൂർ ജില്ലയിൽ സിദ്ധരാമ ഗൗഡയുടേയുടേയും ബൊറമയുടേയും മകനായി 1948 ഓഗസ്റ്റ് 12നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മൈസൂരിലെ യുവരാജ കോളേജിൽ നിന്ന് ബിരുദവും ശാരദവിലാസ് കോളേജിൽ നിന്ന് നിയമബിരുദവും നേടി.
സംസ്ഥാനത്തെ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം വരുന്ന കുറുബ സമുദായത്തിൽ പെട്ടയാളാണ് സിദ്ധരാമയ്യ. “കുറുബകളുടെ നേതാവ്” എന്ന ടാഗ് ധരിക്കാൻ സിദ്ധരാമയ്യ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നാക്ക വിഭാഗങ്ങളുടെ ചാമ്പ്യൻ എന്നറിയപ്പെടാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഇത് വെറുമൊരു പ്രസ്താവനയിൽ ഒതുങ്ങുന്നതല്ല. കർണാടകയിലെ തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ദളിതുകൾക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തുകയും വോട്ടുകൾ ഏകീകരിക്കാൻ നയങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.
നിരീശ്വരവാദി എന്ന അവകാശപ്പെടുന്ന സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ രാഷ്ട്രീയ മേഖലയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളിലും അത് ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളും പ്രാർത്ഥനാലയങ്ങളും സന്ദർശിക്കാത്ത അദ്ദേഹം വെള്ള കുർത്തയും സാധാരണ മുണ്ടും ധരിച്ച് ഒരു നാടൻ രാഷ്ട്രീയക്കാരന്റെ പ്രതിച്ഛായ ജനമനസ്സുകളിൽ കൊത്തിവച്ചിട്ടുണ്ട്.
അദ്ദേഹം ഒരു ഡോക്ടറാകണമെന്നായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഒരു അഭിഭാഷകനാണ് അദ്ദേഹം തീരുമാനിച്ചത്. പക്ഷേ ആ തീരുമാനം ആകസ്മികമായി അദ്ദേഹത്തെ രാഷ്ട്രീയത്തിൽ എത്തിച്ചു. 2018-ൽ തന്റെ 13-മത് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ റെക്കോർഡിട്ടു. 2010-ൽ സിദ്ധരാമയ്യ സഹോദരന്മാർക്കെതിരെ ബംഗളൂരു മുതൽ ബെല്ലാരി വരെ 320 കി.മി. പദയാത്ര (ബെല്ലാരി ചലോ) നടത്തി. അത് കർണ്ണാടക രാഷ്ട്രീയത്തിലെ ഒരു പ്രധാന സംഭവമാണ്. നിയമാനുസൃതമല്ലാത്ത ഘനനത്തിനും അഴിമതിയിലും ഭരണത്തിലിരിക്കുന്ന ബി ജെ പിയെ ലക്‌ഷ്യം വെച്ചാണ് ഈ പദയാത്ര നടത്തിയത്.
ബീഫ് നിരോധന വിവാദത്തിലും അദ്ദേഹം നടത്തിയ പരാമർശം ഏറെ ശ്രദ്ധ നേടിയിരുന്നു. “ഞാനൊരു ഹിന്ദുവാണ്. ഞാൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, പക്ഷെ എനിക്ക് വേണമെങ്കിൽ ഞാൻ കഴിക്കും. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്?” എന്നായിരുന്നു ബീഫ് നിരോധന വിവാദത്തെ ചോദ്യം ചെയ്ത് അദ്ദേഹം പറഞ്ഞത്. “ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ പെട്ടവരല്ല, ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുന്നു, ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ബീഫ് കഴിക്കരുതെന്ന് പറയാൻ നിങ്ങൾക്ക് അവകാശമില്ല എന്ന അദ്ദേഹത്തതിന്റെ പ്രസ്താവന ആളുകൾക്കിടയിൽ ഏറെ സ്വീകാര്യത നേടിക്കൊടുത്തു.
രാഷ്ട്രീയ ജീവിതം
2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കെ.സിദ്ധരാമയ്യ. 2019 മുതൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായും തുടർന്നു. രണ്ട് തവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1977-ൽ ലോക്ദളിൽ ചേർന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദൾ ടിക്കറ്റിൽ 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി.
1984-ൽ ലോക്ദൾ വിട്ട് ജനതാ പാർട്ടിയിൽ ചേർന്ന് 1985-ൽ വീണ്ടും നിയമസഭയിൽ അംഗമായ സിദ്ധരാമയ്യ 1988-ലെ ജനതാപാർട്ടി പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് 1994-ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിയമസഭാംഗമായെങ്കിലും 1999-ൽ പിളർപ്പുണ്ടായതോടെ ജനതാദൾ വിട്ട് ദേവഗൗഡ നേതാവായ ജെ.ഡി.എസിൽ ചേർന്നു.
1999-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജെ.ഡി.എസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 2004-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2005-ൽ ജെ.ഡി.എസ് നേതാവായ എച്ച്.ഡി.ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ജെ.ഡി.എസ് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005-ൽ കോൺഗ്രസ് പാർട്ടിയിൽ തൻ്റെ പാർട്ടി ലയിപ്പിച്ചു.