വീട്ടിലേക്ക് വിളിച്ചവരുത്തി ബലാത്സംഗം ചെയ്തു; ബാബുരാജിനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

കൊച്ചി: ചലച്ചിത്ര താരം ബാബുരാജ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. മാതൃഭൂമി ന്യൂസിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. ബാബു രാജ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് താന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. യോഗ്യതയുള്ളവര്‍ അമ്മയുടെ നേതൃത്വ പദവിയിലേക്ക് എത്തട്ടേയെന്നും യുവതി വ്യക്തമാക്കി.ഒരു കാലത്ത് താന്‍ ബാബു രാജിനെ സഹോദരനെ പോലെ താന്‍ വിശ്വസിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വരുന്നത്. നടന്‍ ബാബുരാജ് തന്നെ സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് ആളുകള്‍ ഉണ്ട്. അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ റോള്‍ തിരഞ്ഞെടുക്കാം എന്നായിരുന്നു ബാബുരാജ് പറഞ്ഞത്. വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല, ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തിനകം എല്ലാവരും എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്. തനിക്ക് വിശ്രമിക്കാനായി വീടിന്റെ താഴത്തെ നിലയില്‍ ഒരു റൂം തന്നു. ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍ താന്‍ റൂം തുറന്നു.ഈ സമയത്ത് ബാബുരാജ് റൂമിലേക്ക് കയറിവന്നു. മോശമായി സംസാരിക്കുകയും കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിറ്റേ ദിവസം മാത്രമാണ് തനിക്ക് ആ വീട്ടില്‍ നിന്ന് പോരാന്‍ കഴിഞ്ഞത്. തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായി. വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ തുറന്നു സംസാരിക്കാനാകില്ല. ദുല്‍ഖര്‍ സല്‍മാന്റെ നായികയാക്കാം എന്ന് പറഞ്ഞുവരെ തന്നെ പ്രൊഡ്യൂസര്‍മാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. പ്രയോജനം ഉണ്ടാകില്ല എന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ സിനിമാമേഖലയില്‍ ആരോടും ഇത് പറഞ്ഞില്ല. തന്റെ അനുഭങ്ങള്‍ നിലവിലെ മലപ്പുറം എസ്പി ശശിധരനുമായി പങ്കുവെച്ചിരുന്നു. അദ്ദേഹം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മൂലം സാധിച്ചില്ല. സിനിമാ മേഖലയിലേക്ക് വരുന്നവര്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാകുന്നുണ്ട്. ഈ മേഖലയില്‍ ലഹരിയുടെ ഉപയോഗവും വ്യാപകമായുണ്ട്. ഇക്കാര്യങ്ങള്‍ ഏത് അന്വേഷണ ഏജന്‍സിക്കു മുമ്പിലും മൊഴി നല്‍കാനും താന്‍ തയ്യാറാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp