ഈ വർഷം അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടയിൽ ഈ വർഷാദ്യം മുതൽ ഉപഭോക്താക്കളിലേക്ക് നിരവധി ഫീച്ചറുകളാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ പരസ്പര ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. ആ നിരയിലേക്ക് അവതരിപ്പിക്കാൻ ഒരു ഫീച്ചർ കൂടി ഇപ്പോൾ വാട്സ്ആപ്പ് തയാറാക്കുന്നതായി റിപ്പോർട്ടാണ്.
വീഡിയോ കോളിനിടെ സുഹൃത്തുക്കളുമായി സംഗീതം ഒരുമിച്ച് കേൾക്കാനും പങ്കിടാനും കഴിയുന്ന ഒരു ഫീച്ചർ ആണ് വാട്സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഏതാനും നാൾ മുമ്പ് പുറത്തിറക്കിയ സ്ക്രീൻ ഷെയറിങ് ഫീച്ചറിന്റെ തുടർച്ചയായിട്ടാണ് പുതിയ മ്യൂസിക് ഷെയറിങ് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കാൻ തയാറെടുക്കുന്നത്.വീഡിയോ കോളിനിടെ മാത്രമാണ് ഇത്തരത്തിൽ മ്യൂസിക് പങ്കിടാൻ സാധിക്കുക. ഓഡിയോ കോളുകളിൽ ഈ സൗകര്യം ലഭ്യമാകില്ല.
നിലവിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടില്ല.ഐഒഎസ് ആപ്പുകൾക്കായുള്ള ഫീച്ചറാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ബീറ്റ പതിപ്പ് എപ്പോൾ എത്തുമെന്നോ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫീച്ചർ എപ്പോൾ അവതരിപ്പിക്കുമെന്നോ വ്യക്തമായിട്ടില്ല. വീഡിയോ കോൾ ചെയ്യുന്നതിനോടൊപ്പം തന്നെ സംഗീതം ആസ്വദിക്കാനും കോളിൽ ഉള്ള ആളുമായി ഒരുമിച്ച് കേൾക്കാനും കഴിയുന്ന പുതിയ ഫീച്ചർ ഉടൻ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിയേക്കും.
ഈ വർഷം ഓഗസ്റ്റിലാണ് വാട്‌സ്ആപ്പ് സ്‌ക്രീൻ ഷെയറിങ് ഫീച്ചർ അവതരിപ്പിച്ചത്. സ്‌ക്രീൻ ഷെയർ ഫീച്ചറിലൂടെ ഡോക്യുമെന്റ് ഷെയറിംഗ്, പ്രസന്റേഷൻ ഷോകേസുകൾ പോലുള്ള ജോലികൾ ലളിതമാകുന്നു. പുതിയ ഫീച്ചർ കൂടി എത്തുന്നതോടെ വാട്സ്ആപ്പ് വീഡിയോകോളുകൾ കൂടുതൽ ഇന്ററാക്ടീവ് ആക്കാം.