കാൻപൂർ: പോലീസ് കള്ളനെ കുടുക്കി വീണ്ടും സിസിടിവി. കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കോൺസ്റ്റബിളാണ് സിസിടിവിയിൽ കുടുങ്ങിയത്. ഉത്തർപ്രദേശിലെ കാൻപൂരിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. കാൻപൂരിലെ മഹാരാജാപൂർ മേഖലയിലെ ഛാത്മാരയിൽ പതിവ് പട്രോളിങ്ങിനിടെയാണ് പോലീസുകാരൻ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.
മഹാരാജാപൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ തായ്പത് പ്രഗേഷ് സിങ് ആണ് പോലീസുകാർക്ക് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി ചെയ്തത്. കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ആളുടെ അടുത്തേക്ക് എത്തിയ ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ഓടിപ്പോകുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സംഭവസമയത്ത് ഉദ്യോഗസ്ഥനൊപ്പം ഹോം ഗാർഡ് ലായ്ക്ക് സിങ്ങും ഉണ്ടായിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് ഉന്നത ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. കോൺസ്റ്റബിൾ തായ്പത് പ്രഗേഷ് സിങ്ങിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അഡീഷണൽ എസ്പി വിജേന്ദ്ര ദ്വിവേദി അറിയിച്ചു. ഒപ്പമുണ്ടായിരുന്ന ഹോം ഗാർഡിനെതിരെയും നടപടിയെടുക്കും.