വെളിപ്പെടുത്തലുമായി ഇഡി:‘പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി’

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12 ന് പട്‌നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കുമെതിരെ ഒരേസമയം ആക്രമണം നടത്താന്‍ ഭീകരവാദ സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.

വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ, നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. പര്‍വേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ്, അബ്ദുള്‍ മുഖീത് എന്നിവരാണ് ഷഫീഖിന് പുറമേ പിടിയിലായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp