വൈക്കത്തഷ്ടമിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

അഷ്ടമി ഉത്സവത്തിന്റെ സമാരംഭ ചടങ്ങുകളായ പുള്ളിസന്ധ്യവേല സെപ്റ്റംബർ 30-നും മുഖസന്ധ്യവേല നവംബർ 10-നും തുടങ്ങും. പുള്ളിസന്ധ്യവേലയുടെ കോപ്പുതൂക്കൽ ഈ മാസം 28-ന് രാവിലെ ഒൻപതിനും 1.30-നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ നടക്കും. ദേവസ്വം കലവറയുടെ പൂമുഖത്ത് തൂശനിലയിട്ട്, പൂവൻകുലവെച്ച് സുഗന്ധദ്രവ്യങ്ങളും നിറദീപങ്ങളും തെളിയിച്ചതിനുശേഷം ദേവസ്വം അധികാരി കോപ്പുതൂക്കൽ ചടങ്ങ് നടത്തും.

ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങൾക്ക് ആവശ്യമായ സാധന സാമഗ്രികൾ അളന്നുതൂക്കി കാര്യസ്ഥന്മാർക്ക് കൈമാറുന്ന പരമ്പരാഗത ചടങ്ങാണ് കോപ്പുതൂക്കൽ. മംഗളവസ്തുക്കളായ മഞ്ഞളും ചന്ദനമുട്ടിയുമാണ് ആദ്യം തൂക്കുന്നത്. ആദ്യ ചടങ്ങായ പുള്ളിസന്ധ്യവേല സെപ്റ്റംബർ 30, ഒക്ടോബർ രണ്ട്, നാല്, ആറ് തീയതികളിലും രണ്ടാമത്തെ ചടങ്ങായ മുഖസന്ധ്യവേല നവംബർ 10, 11, 12, 13 തീയതികളിലുമാണ് നടക്കുന്നത്.

നവംബർ 17-ന് പുലർച്ചെ 4.30-നാണ് പ്രശസ്തമായ അഷ്ടമി ദർശനം. നവംബർ ആറിന് രാവിലെ ഏഴിനും ഒൻപതിനും ഇടയ്ക്ക് അഷ്ടമി ഉത്സവത്തിന് കൊടിയേറും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp