കൊച്ചി: കേരളത്തിലേയും തമിഴ്നാട്ടിലേയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത് നടത്തി മാധ്യമങ്ങളിൽ വന്നിരിക്കുന്ന വാർത്തകൾക്കെതിരെ കെഎസ്ഇബി രംഗത്ത്. 500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8,772 രൂപ ഈടാക്കുമ്പോൾ തമിഴ്നാട്ടിൽ 2,360 രൂപ എന്ന തലക്കെട്ടോടെ ഒരു മാധ്യമത്തിൽ വന്ന വാർത്തയാണ് വിവാദമായിരിക്കുന്നത്. ഈ വാർത്ത തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
വാദം,
കേരളത്തിൽ 500 യൂണിറ്റ് ഉപയോഗിക്കുന്ന വീട്ടുകാർക്ക് രണ്ട് മാസത്തിലൊരിക്കൽ 8,772 രൂപയുടെ ബില്ല് വരുമ്പോൾ, തമിഴ്നാട്ടിൽ ഇത്രയും വൈദ്യുതിക്ക് ഈടാക്കുന്നത് വെറും 2,360 രൂപ മാത്രമെന്നാണ് വാർത്തയിൽ പറയുന്നത്. എന്നാൽ, ഈ റിപ്പോർട്ട് പൂർണമായും തള്ളുകയാണ് കെഎസ്ഇബി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറയുന്നത്. അത് പരിശോധിക്കാം,
സത്യം ഇങ്ങനെ,
കെഎസ്ഇബി 1000 യൂണിറ്റ് വൈദ്യുതിക്ക് രണ്ട് മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്നത്. തമിഴ്നാട് ജനറേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ താരിഫ് പരിശോധിച്ചാൽ, 500യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവരുടെ ദ്വൈമാസ വൈദ്യുതി ചാർജ് 5,080 രൂപയാണെന്ന് ആർക്കും വ്യക്തമാകും. പക്ഷെ, വാർത്തയിലെ കണക്ക് അനുസരിച്ച് 2,360 രൂപ മാത്രമാണത്.
കേരളത്തിലെ ഏറ്റവും പുതിയ നിരക്കും തമിഴ്നാട്ടിൽ 2017 മുതൽ നിലവിലുള്ള, ഉടൻ പരിഷ്ക്കരിക്കാനിരിക്കുന്ന നിരക്കും തമ്മിലാണ് താരതമ്യം ചെയ്തത് എന്ന പിശകുമുണ്ട്.
തമിഴ്നാട്ടിലെ ഗാർഹിക വൈദ്യുതിനിരക്ക് താരതമ്യേന കുറവാണെങ്കിലും മറ്റു പല താരിഫുകളിലും ഉയർന്ന നിരക്കാണ് നിലവിലുള്ളത്. ഉദാഹരണത്തിന് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് 100 യൂണിറ്റിനുമുകളിൽ കേരളത്തിലെ നിരക്ക് 6.8 രൂപയും 7.5 രൂപയുമാണ്. തമിഴ്നാട്ടിൽ ഇത് 8.05 രൂപയാണ്. വൻകിട വ്യവസായങ്ങൾക്ക് കേരളത്തിലെ വൈദ്യുതി നിരക്ക് 5.85 രൂപയാണെങ്കിൽ തമിഴ്നാട്ടിൽ 6.35 രൂപയാണെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.