‘വ്യാജരേഖയിൽ സമഗ്ര അന്വേഷണം വേണം’; കെ.വിദ്യക്കെതിരെ മന്ത്രി ഡോ. ആർ ബിന്ദുവിന് പരാതി നൽകി യൂത്ത് കോൺഗ്രസ്

മഹാരാജാസ് കോളജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യക്കെതിരെ പരാതി.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന് യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. വ്യാജരേഖ , പി എച്ച് ഡി വിവാദങ്ങളിലാണ് കെ. വിദ്യക്കെതിരെ പരാതി നൽകിയത്. അടിയന്തരമായി സമഗ്ര അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

അതേസമയം കെ വിദ്യ കാസർകോട്ടെ കരിന്തളം കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയെന്ന വിലയിരുത്തലിൽ കാസർഗോഡ് നിന്ന് മഹാരാജാസ് കോളജിലേക്ക് ഈ സർട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റിന്‍റെ വിശദാംശങ്ങൾ കൂടി പരിശോധിക്കേണ്ട സാഹചര്യത്തിൽ കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യം പരിഗണിക്കൂ എന്ന് കൊച്ചി സൗത്ത് പൊലീസ് അറിയിച്ചു. അട്ടപ്പാടി രാജീവ് ഗാന്ധി കോളജിൽ വ്യാജ സർട്ടിഫിക്കറ്റുമായി ഗസ്റ്റ് ലക്ചർ നിയമനം നേടാൻ ശ്രമിച്ചതിനെ തുടർന്നാണ് കെ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയെന്ന വിവരം പുറത്ത് വരുന്നത്.

മഹാരാജാസ് കോളജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയിൽ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp