‘ശബരിമല ആചാര മര്യാദകൾ മുതൽ അത്യാവശ്യ സേവനങ്ങൾ വരെ ലഭ്യം’; അയ്യൻ ആപ്പ് പുറത്തിറക്കി

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്. 

പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.

പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫൻ്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയർഫോഴ്സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അയ്യപ്പന്മാർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശങ്ങളും ആപ്പിലുൾപെടുത്തിയിട്ടുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൻ്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഇൻസ്റ്റാൾ ചെയ്യാവുന്ന ‘അയ്യൻ’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിൽ ലഭ്യമാണ്. കാനന പാതയുടെ കവാടങ്ങളിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്യാം.

അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓൺലൈനിലും ഓഫ് ലൈനനിലും  ആപ്പ് പ്രവർത്തിക്കും. തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കും.

കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെപ്പേർഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ആപ്പ് പരമ്പരാഗത പാതകളിൽ എത്തിപ്പെടുന്ന അയ്യപ്പഭക്തർക്ക് സഹായകരമായ വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp