‘ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായി, കൈകാര്യം ചെയ്യാന്‍ അറിയാം’; ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി

തിരുവനന്തപുരം: മദ്യനയത്തില്‍ ഇളവ് വരുത്താന്‍ പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരണം. പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

‘സര്‍ക്കാര്‍ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. മദ്യ നയത്തില്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കാം എന്നുപറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. വളരെ ശക്തമായ നടപടി അത്തരക്കാര്‍ക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല. ചര്‍ച്ച നടക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്തകള്‍ വരുന്നുണ്ട്. ആ വാര്‍ത്തകള്‍ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും’, മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായിട്ടുള്ളതാണ്. തെറ്റായ പ്രവണത പ്രോത്സാഹിപ്പില്ല. ആരായാലും കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് അറിയാം. സാധാരണ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ചര്‍ച്ച നടത്താറുള്ളതാണ്. തിരഞ്ഞെടുപ്പ് ആയതിനാല്‍ അത്തരം ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. വാര്‍ത്തകളുടെ ഉറവിടം അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജിവെക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആവശ്യത്തെ എം ബി രാജേഷ് പരിഹസിച്ചു.

രാജി ആവശ്യപ്പെട്ടില്ലേയെന്ന് കരുതിയിരിക്കുകയായിരുന്നു. നിയമസഭാ തുടങ്ങാന്‍ പോവുകയല്ലേ. അവിടെവെച്ച് കാണാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണ്. സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്തുവരുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp