ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ സ്ഥലം മാറ്റി. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവില്‍ മാനേജ്‌മെന്റ് പറഞ്ഞു. അഖില ജനുവരി 11-ാം തീയതി നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില.
11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30 കളക്ടറേറ്റ് സര്‍വീസ് പോയ കണ്ടക്ടര്‍ അഖില എസ് നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും എതിരെ പ്രതിഷേധിച്ച് ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേല്‍ക്കാരണങ്ങളാല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.