ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഗുരുതര വീഴ്ച

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും കണക്കെടുക്കല്‍ നിര്‍ബന്ധമാണ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും കണക്കെടുപ്പിലെ പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയത്. നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുര്‍ബലമായതോടെ വൃക്കരോഗമോ ക്യാന്‍സറോ ബാധിച്ചെന്ന് വരെ ഹര്‍ഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ സിടി സ്‌കാനിംഗിലാണ് ശരീരത്തില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റര്‍ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp