ടി-20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് തിരിച്ചടിയായി വീണ്ടും പരുക്ക്. ടൂർണമെൻ്റ് തുടക്കത്തിൽ പരുക്കേറ്റ് പുറത്തായ ദുഷ്‌മന്ത ചമീരയ്ക്ക് പകരക്കാരനായെത്തിയ ബിനുര ഫെർണാണ്ടോയ്ക്കാണ് ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റത്. ഓസ്ട്രേലിയക്കെതിരെ ആദ്യ ഓവർ എറിഞ്ഞ ബിനുര 5 പന്തുകൾ മാത്രം എറിഞ്ഞ് മൈതാനം വിടുകയായിരുന്നു. ബിനുര ഫെർണാണ്ടോയ്ക്ക് പകരം മൂന്ന് രാജ്യാന്തര ടി-20 മത്സരങ്ങൾ മാത്രം കളിച്ച അഷിത ഫെർണാണ്ടോയെ ശ്രീലങ്ക ടീമിൽ ഉൾപ്പെടുത്തി.
അതേസമയം, പുരുഷ ടി-20 ലോകകപ്പുകളിൽ ഏറ്റവുമധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ താരം വിരാട് കോലി രണ്ടാമത് എത്തി. വെസ്റ്റ് ഇൻഡീസിൻ്റെ മുൻ താരം ക്രിസ് ഗെയ്ലിനെ മറികടന്നാണ് കോലി രണ്ടാമത് എത്തിയത്. ഇന്ന് നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഫിഫ്റ്റിയാണ് കോലിയ്ക്ക് നേട്ടമായത്. നെതർലൻഡ്സിനെതിരെ 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയിരുന്നു.
23 ടി-20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 89.90 ശരാശരിയിൽ 989 റൺസാണ് കോലിയ്ക്കുള്ളത്. ഗെയിലിന് 33 മത്സരങ്ങളിൽ നിന്ന് 965 റൺസുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 1016 റൺസുള്ള ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെയാണ് ഒന്നാം സ്ഥാനത്ത്. ജയവർധനെയുമായി വെറും 27 റൺസ് മാത്രം അകലെയാണ് കോലി. 35 മത്സരങ്ങളിൽ നിന്ന് 904 റൺസുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പട്ടികയിൽ നാലാമതും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 897 റൺസുള്ള ശ്രീലങ്കയുടെ മുൻ താരം തിലകരത്നെ ദിൽഷൻ പട്ടികയിൽ അഞ്ചാമതുമാണ്.