ഷാരോണിനെ കൊല്ലാനുള്ള അസൂത്രണവും വിഷം നൽകിയതും തമിഴ്‌നാട്ടിൽ, മരണം കേരളത്തിലും; അന്വേഷണം തമിഴ്‌നാട് പോലീസിന്? നിയമോപദേശം ഇങ്ങനെ

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്ന് നിയമോപദേശം. കേസിൽ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുന്നതിനിടെയാണ് എ.ജിയുടെ നിയമോപദേശം ലഭിച്ചത്. ജ്യൂസില്‍ വിഷം നല്‍കി ഷാരോണിനെ കൊല്ലാന്‍ ഗ്രീഷ്മ ശ്രമിച്ചതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതാണ് പോലീസിന് മുന്നിലുള്ള വെല്ലുവിളി. എന്ത് വിഷമാണ് കലര്‍ത്തിയതെന്ന് തുടങ്ങി നിരവധി വിശദാംശങ്ങള്‍ ഇനിയും പുറത്തു വരേണ്ടതുണ്ട്

കൂടുതൽ വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്

ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതാണെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലർത്തി ഷാരോണിനെ കൊല്ലാൻ ശ്രമം നടത്തിയതായി ഗ്രീഷ്മ പറഞ്ഞു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പോലീസിന് ലഭിച്ചു.

എ.ജിയുടെ നിയമോപദേശം ഇങ്ങനെ

ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്നാണ് അഡ്വക്കേറ്റ് ജനറലിൻ്റെ (എ.ജി) നിർണായക നിയമോപദേശം. കേസ് തമിഴ്‌നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഷാരോൺ കേസ് രണ്ട് കൂട്ടർക്കും അന്വേഷിക്കാമെന്നായിരുന്നു കേരള പോലീസിന് ലഭിച്ച ആദ്യ നിയമോപദേശം. എന്നാൽ രണ്ട് ഏജൻസികളുടെ അന്വേഷണം നിലനിൽക്കില്ലെന്നാണ് എ.ജി വ്യക്തമാക്കുന്നത്.

കേസ് എന്തുകൊണ്ട് തമിഴ്‌നാട് പോലീസ് അന്വേഷിക്കണം?

കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ കേരള പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചാൽ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് എ.ജിയുടെ നിയമോപദേശത്തിൽ പറയുന്നത്. കുറ്റപത്രം നൽകിയാൽ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട് പോലീസിൻ്റെ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. ഷാരോണിനെ കൊല്ലാനുള്ള ആസൂത്രണം ഗ്രീഷ്മ നടത്തിയത് തമിഴ്‌നാട് പോലീസിൻ്റെ പരിധിയിൽ വെച്ചാണ്. വിഷം നൽകിയതും തമിഴ്‌നാട് പോലീസിൻ്റെ പരിധിയിൽ വെച്ചാണ്. ഷാരോണിൻ്റെ മരണം കേരളത്തിൽ നടന്ന സാഹചര്യത്തിലാണ് പാറശാല പോലീസ് അന്വേഷണം നടത്തുന്നത്.

അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതിനെ എതിർത്ത് ഷാരോണിൻ്റെ കുടുംബം

ഷാരോൺ കേസ് അന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറിയാൽ നീതി ലഭിക്കില്ലെന്ന് ഷാരോണിൻ്റെ അച്ഛൻ ജയരാജ് വ്യക്തമാക്കി. നിലവിൽ കേസ് അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് കേസ് മാറ്റിയാൽ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേസ് തമിഴ്‌നാട് പോലീസിന് കൈമാറുന്നതിനെ ഷാരോണിൻ്റെ കുടുംബം നേരത്തെ എതിർത്തിരുന്നു. കേസിൻ്റെ അന്വേഷണം ക്രൈം ബ്രാഞ്ച് തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അന്വേഷണം കേരളത്തില്‍ തന്നെ തുടരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp