ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്‌മയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും, രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ രണ്ട് പ്രതികളെ ഇന്ന് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെയാണ് ഹാജരാക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണോടും ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ഷാരോണ്‍ കേസിന്‍െറ തുടരന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റുന്നതാകും ഉചിതമെന്ന നിയമോപദേശം റൂറല്‍ എസ്പി ഇന്ന് ഡിജിപിക്ക് കൈമാറും. ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ദരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസ് കൈമാറുന്നതിനെ കുറിച്ച്‌ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.

പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാന്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഒരുങ്ങുമ്ബോഴാണ് നിയമോപദേശം ലഭിച്ചത്. കേസന്വേഷണത്തിന്‍െറ അധികാര പരിധി സംബന്ധിച്ച്‌ സംശയമുള്ളതിനാലാണ് റൂറല്‍ എസ്പി നിയമോപദേശം തേടിയത്. ഷാരോണിനിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മയും മറ്റ് പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിലാണ്. എന്നാല്‍ ഷാരോണിന്റെ മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസും.

കുറ്റപത്രം നല്‍കി വിചാരണയിലേക്ക് പോകുമ്ബോള്‍ അന്വേഷണ പരിധി പ്രതികള്‍ ചോദ്യം ചെയ്താല്‍ കേസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമോപദേശം. അതിനാല്‍ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. അന്വേഷണം കൈമാറുന്നതിനെ ഷാരോണിന്‍റെ കുടുംബം എതിര്‍ക്കുകയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp